പാലാ: തീർഥാടനകേന്ദ്രമായ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന്റെ പ്രധാന ദിവസമായ ഇന്നലെ ഉച്ചയ്ക്ക് നടന്ന പട്ടണപ്രദക്ഷിണത്തിനു മുന്നോടിയായി "കിഴതടിയൂർ വാഴും യൂദാശ്ലീഹാ...' എന്ന ഭക്തിനിർഭരമായ ഗാനം പള്ളിയങ്കണത്തിൽ അലയടിച്ചത് വ്യത്യസ്തമായ അനുഭവമായി. വിശുദ്ധ യൂദാശ്ലീഹായുടെ സന്നിധിയിൽ ഈ ഗാനം സമർപ്പിച്ചത് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമായിരുന്നു.
സ്കൂൾ ഹെഡ്മാസ്റ്ററും കിഴതടിയൂർ ഇടവകാംഗവുമായ ജോബെറ്റ് തോമസ് ഗാനരചന നിർവഹിച്ച ഗാനം സ്കൂളിലെ സംഗീത അധ്യാപകൻ ഫ്രാൻസിസ് ജോസഫ്, വിദ്യാർഥികളായ ഡിവിന്യ ബിജു, അലീന ബിജു, സന മരിയ ജസ്റ്റിൻ എന്നിവർ ചേർന്നാണ് ആലപിച്ചത്. സംഗീത അധ്യാപകൻ അജിത് റിക്കോർഡിംഗും ജോഹൻ ഫ്രാൻസിസ് സംഗീത സംവിധാനവും നിർവഹിച്ചു. തിരുനാളിന്റെ പ്രാരംഭദിനം മുതൽ ഈ ഗാനം യൂദാശ്ലീഹായുടെ നൊവേനയോടനുബന്ധിച്ചു പാടിയിരുന്നു.
കിഴതടിയൂർ പള്ളി അങ്കണത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് സംഗീത ആൽബം മാണി സി. കാപ്പൻ എംഎൽഎയ്ക്കു നൽകി പ്രകാശനം ചെയ്തു. പള്ളി വികാരി റവ.ഡോ. തോമസ് പുന്നത്താനത്ത്, അസി. വികാരി ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, പാസ്റ്ററൽ അസിസ്റ്റന്റ് റവ.ഡോ. സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ, ട്രസ്റ്റിമാരായ പ്രഫ. കെ.കെ. ടോമി, ടോമി മംഗലത്തിൽ എന്നിവർ പങ്കെടുത്തു. കിഴതടിയൂർ പള്ളിയുടെ യൂട്യൂബ് ചാനലിൽ ഈ ഗാനം ലഭ്യമാണ്.